കൊച്ചു കൊച്ചു യാത്രകള്‍

മിക്ക ഞായറാഴ്ചകളിലും ഞങ്ങള്‍, കുറച്ചു കൂട്ടുകാര്‍ ബൈക്കും എടുത്ത് ദൂരെ എങ്ങോട്ടെങ്കിലും പോകും. നല്ല ഏതെങ്കിലും കുളമോ പുഴയോ കണ്ടാല്‍ അവിടെ നിര്‍ത്തും. ഒരു വിശാലമായ കുളി.
അങ്ങനെയുള്ള യാത്രകളിലാണ് നാട്ടില്‍ത്തന്നെയുള്ള ഒട്ടേറെ നല്ല സ്ഥലങ്ങള്‍ കാണാന്‍ പറ്റിയത്.
കുറച്ചു ചിത്രങ്ങള്‍ ഇതാ…
(മുന്‍പ്, ഫേസ്ബുക്കില്‍ ചില ചിത്രങ്ങള്‍ പോസ്റ്റിയതാണ്)

 

S. N. College, Alathur

മുന്‍പ് പഠിച്ച കോളേജില്‍ മൂന്ന് കൂട്ടുകാരുമൊത്ത് പോയിട്ട് ഒരാഴ്ച്ചയായിട്ടും ഓര്‍മ്മകള്‍ ഒതുങ്ങുന്നേയില്ല.
അന്ന് ക്ലാസില്‍ ഒരുമിച്ചു പഠിച്ചവരില്‍ ഇപ്പോഴും ബന്ധമുള്ള ഒരേയൊരു കൂട്ടുകാരന്‍ പ്രദീപിനെ,ഓരോന്നോര്‍ക്കുമ്പോഴും വിളിക്കും.കേട്ടുകേട്ടവന് ബോറടിച്ചുകാണും.
പതിനാറ് വര്‍ഷം മുന്‍പ് മരങ്ങള്‍ക്കിടയിലൂടെയുള്ള ഈ വഴിയിലൂടെയാണ് നടന്ന് പോയത്.നടക്കുന്തോറും ഓരോ കല്ലുകള്‍ വരെ സുപരിചിതം.
ഫസ്റ്റ് ഇയറിന് ഇരുന്ന സീറ്റില്‍ ഇരുന്നപ്പോള്‍…
ക്ലാസിലെ കൂട്ടുകാര്‍…
ഇംഗ്ലീഷ് പറയാന്‍ ശ്രമിക്കുന്ന വിജയകുമാര്‍.
‘ഹിന്ദു’ സപ്ലിമെന്റ് കൊണ്ട് പുസ്തകത്തിന് കവറ് ഇട്ടു വരുന്ന പീച്ചി.
പാട്ടുപാടുന്ന അജയന്‍(‘ഒളിക്കുന്നുവോ…‘ എന്ന പാട്ട് നല്ല ഓര്‍മ്മയുണ്ട് ).
കടമ്മനിട്ടക്കവിത ചൊല്ലിയ സുനില്‍.
അജയകുമാര്‍ സാറിന്റെ ക്ലാസില്‍ ഉച്ചത്തില്‍ ഇംഗ്ലീഷ് പാഠഭാഗം വായിക്കുന്ന തുളസി.
ബിന്ദു,സ്മിത,അനുസ്മിത,ജുബി,അമൃതരാജ്,രജനി,മലയാളം ക്ലാസില്‍ വരുന്ന മഹേഷ്…
ഉച്ചയൂണു കഴിക്കാനായുള്ള പാറമടയിലേക്കുള്ളയാത്ര.
ചെക് ഡാമിലേക്കുള്ള യാത്രകള്‍ .
സമരങ്ങള്‍ .
തിരക്കൊഴിയാത്ത ബസ്സിലെ യാത്ര.
മയിലുകള്‍ .
കവിതകളെഴുതുന്നഅമൃതടീച്ചര്‍ .
ചിത്രം വര.
കോളേജ് ഡേ.
പൂക്കളമത്സരം.
ഓരോന്നോര്‍ത്ത് നിന്നപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി.
മഴ തോര്‍ന്നപ്പോള്‍ ഗേറ്റിനു പുറത്തെ കാന്റീനിലേക്കും പോസ്റ്റ് ഓഫീസിലേക്കും പോയി.
കാന്റീന്‍ പൊളിഞ്ഞ് കാടുപിടിച്ച് കിടക്കുന്നു.

ദൈവം പ്രത്യക്ഷപ്പെടുന്നു.
എന്തു വരമാണ് വേണ്ടത്?”
ദൈവമേ,എനിക്ക് പ്രീഡിഗ്രി ക്ലാസില്‍ പഠിക്കുന്ന കാലത്തേക്ക് വീണ്ടും പോണം.ഒന്നുകൂടി ആ കാലം ജീവിക്കണം;
കുറച്ചുകൂടി ആസ്വദിച്ച്
കുറേക്കൂടി സത്യസന്ധമായി
കുറേക്കൂടി സൌഹൃദം പങ്കിട്ട്…”